അലക്കുകല്ല്

അടുക്കളയ്ക്ക് പുറകിൽകിണറിനടുത്ത്പരിയമ്പറത്താണ് അലക്കുകല്ല്.വെളുപ്പിനെ കുളിമുറിയിൽവിളക്കുതെളിയുമ്പോൾ അലക്കുകല്ലുണരും.കുളിച്ചിറങ്ങുന്നവർ അലക്കിയുംകുത്തിപ്പിഴിഞ്ഞും മിനുസംവന്ന്സുമുഖനായിട്ടുണ്ട് അലക്കുകല്ല്.വെയിൽ മുറുകുമ്പോൾമീൻവെട്ടാൻ അമ്മയെത്തും.പിന്നെ കുറേനേരം മീനുകൾഅലക്കുകല്ലിനോട് സ്വകാര്യം പറയും.പറഞ്ഞുപറഞ്ഞു സ്വകാര്യതയുടെചെതുമ്പലെല്ലാം പോകുമ്പോൾമീനുകൾ ചട്ടിയിൽ അമ്മയ്‌ക്കൊപ്പംഅടുക്കളയിലേക്ക് മടങ്ങും.ഉച്ചകഴിഞ്ഞുള്ള മടുപ്പിക്കുന്ന ഏകാന്തതഇടയ്ക്ക് വന്നിരിക്കുന്ന കാക്കകളും പൂച്ചയും മാറ്റും.വെയിൽ ചായുന്ന നേരംനോക്കിഅമ്മ വന്നിരിക്കുമ്പോൾഅലക്കുകല്ല് ആത്മഗതങ്ങൾക്കുംപരിഭവങ്ങൾക്കും ചെവിയോർക്കും.വിഷാദം വഴിയുന്ന വൈകുന്നേരങ്ങളിൽഅടുത്തുനിൽക്കും കടപ്ലാവ്‌ പൊഴിക്കുന്നഇലകൾകൊണ്ട് മുഖംമറയ്ക്കും.സന്ധ്യയും രാത്രിയും കടന്ന്പിറ്റേന്ന് കിന്നാരം പറയാനെത്തുന്നഉടുപ്പുകളെയും മീനുകളെയുംസ്വപ്നം കാണും.

ഈ കടലും മറുകടലും ഭൂമിയും മാനവും കടന്ന്…

എസ്. പി. ബാലസുബ്രഹ്മണ്യം നിത്യതയിൽ ലയിച്ചിട്ട് ഇന്ന് ഒരുമാസം കഴിഞ്ഞിരിക്കുന്നു. ഒരിക്കലും നേരിൽ കണ്ടിട്ടില്ലാത്ത ശബ്ദംകൊണ്ട് മാത്രം എനിക്ക് പരിചിതനായ അദ്ദേഹത്തിന്റെ മരണം പലർക്കും എന്നതുപോലെ വ്യക്തിപരമായ നഷ്ടമായാണ് അനുഭവപ്പെട്ടത്. ഏറെ വേണ്ടപ്പെട്ട, പ്രിയപ്പെട്ട ഒരാൾ എന്റെ ജീവിതത്തിൽ നിന്നും അകന്നു പോകുന്നതുപോലെ... മലയാളത്തിൽ കുറച്ചുമാത്രം പാടിയ എസ്.പി.ബി എനിക്ക് ഇത്രയധികം പ്രിയപ്പെട്ടവനായത് എന്തുകൊണ്ടാണെന്ന് ഞാൻ ആലോചിച്ചുനോക്കി. യേശുദാസിനോടുള്ള കടുത്ത ഇഷ്ടം നിലനിൽക്കെ എസ്.പി.ബി എങ്ങനെ മനസ്സിൽകടന്ന് അടുത്ത ഇഷ്ടക്കാരനായി എന്നുള്ളത് എനിക്കിപ്പോഴും ഉത്തരമില്ലാത്ത ഒരു ചോദ്യമാണ്.… Continue reading ഈ കടലും മറുകടലും ഭൂമിയും മാനവും കടന്ന്…

തലത് മഹ്‌മൂദിനെ ഓർക്കുമ്പോൾ…

    ഇന്ന് (9 മെയ് ) ഗായകൻ തലത് മഹ്‌മൂദിന്റെ ചരമദിനമാണ്. ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിലും ഗസൽ സംഗീതത്തിലും അദ്വിതീയ സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്. ഞാൻ ഒരു സ്കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്ത് കോട്ടയത്തുനിന്നും പ്രസിദ്ധീകരിച്ചിരുന്ന "സിനിമാമാസിക" എന്ന പ്രസിദ്ധീകരണത്തിൽ വന്ന ഒരു ലേഖനത്തിൽ നിന്നുമാണ് തലത് മഹ്‌മൂദിനെക്കുറിച്ചു ആദ്യമായി അറിയുന്നത്. അദ്ദേഹത്തെക്കുറിച്ചു വായിച്ചറിഞ്ഞതിനുശേഷമാണ് കേട്ടറിയുന്നത്. അക്കാലത്തു സജീവമായിരുന്ന ഗാനമേളകളിൽ തലത്തിന്റെ പാട്ടുകൾ ആരും പാടി കേട്ടിട്ടില്ല. ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന ഗായകനായിരുന്ന നൈനാച്ചൻ മുഹമ്മദ് റാഫിയുടെ ഗാനങ്ങളാണ്… Continue reading തലത് മഹ്‌മൂദിനെ ഓർക്കുമ്പോൾ…

ഒരു കവി ഒഴിഞ്ഞുപോകുമ്പോൾ (കവിത)

  ഒരു കവി ഒഴിഞ്ഞുപോകുമ്പോൾ (കവി ജിനേഷ് മടപ്പള്ളിയെ ഓർത്തുകൊണ്ട്) ഒരു കവി ഒഴിഞ്ഞുപോകുമ്പോൾ വൃത്തം, പ്രാസം, ഉപമ, ഉൽപ്രേക്ഷ എന്നിവ മാത്രമല്ല ഒഴിഞ്ഞുപോകുന്നത്; അനുഭവ വൈവിധ്യത്തിന്റെ ഒരു തുരുത്ത് കടലെടുത്തു പോകുകയാണ്. ഏകാന്തതയുടെ ചില്ലകൾ ചേർത്തു കൊരുത്തെടുത്ത നീഢം വെടിഞ്ഞു പക്ഷി വിഹായസ്സിൽ വിലയിക്കുകയാണ്. പുസ്തകങ്ങൾ തീർത്ത തടവുമുറികളിൽ നിന്നും അക്ഷരങ്ങൾ സ്വാതന്ത്രരാവുകയാണ്. ഒരു കവി ഒഴിഞ്ഞുപോകുമ്പോൾ സ്വപ്നങ്ങളിലൊന്ന് അഴിഞ്ഞു പോകുകയാണ്; ഇല്ലാത്ത മറുകരയിലേയ്ക്ക് നീന്തുന്ന ആലില പോലെ...    

മീശ (കവിത)

വടിയ്ക്കാനെളുപ്പവും വെയ്ക്കാൻ വിഷമവും നിറഞ്ഞതത്രേ മീശ. മദ്ധ്യവയസ്സിൽ മീശക്കൂട്ടത്തിൽ നര കയറും; ഒപ്പം ആധിയും. യൗവ്വനത്തിന്റെ കറുപ്പിൽ നിന്നും വാർദ്ധക്യത്തിന്റെ വെളുപ്പിലേയ്ക്ക് രോമങ്ങൾ ഓരോന്നായി കൂറുമാറും. ചായങ്ങൾക്കൊന്നിനും മറയ്ക്കാനാവാത്ത പരിഭവമായി പാടത്തിറങ്ങിയ താറാക്കൂട്ടങ്ങളെപ്പോലെ അവ പെരുകും. വീര്യമായി തിളങ്ങിയ മീശ വാർദ്ധക്യത്തിൽ കൊമ്പൊടിയും; കൂടെ ഞാനുമൊടിയും.  

തിരുനക്കര മൈതാനം (കവിത)

എത്രപേർ വന്നു. എത്രയോപേർ വന്നു. വന്നവരെല്ലാം ഈ മണ്ണിൽ ചേർന്നു, മനസ്സിൽ ലയിച്ചു. ഇന്നലെവരെ ജീവിതം സംഗീതമായിരുന്നു, സുന്ദര സംഗീതം. ഇന്ന് അതിൽനിന്നും താളം തെറ്റിയകന്നു. ശ്രുതിയും കൂടെ രാഗവും വൈകാതെ രംഗം വിട്ടു. ഇപ്പോൾ ഉച്ചഭാഷിണികൾ മാത്രം വേദിയിൽ. അവ പരസ്പരം എന്തോ പറയാനാഞ്ഞപ്പോൾ വാക്കുകൾ അപ്പൂപ്പന്താടികളായി പറന്നകന്നു. അവശേഷിക്കുന്നത് മൈതാനം മാത്രം. ആളൊഴിഞ്ഞ തിരുനക്കര മൈതാനം.        

ഡോ. ഐ. വി. ബാബു: ഒരു ഓർമ്മക്കുറിപ്പ്

ഡോ. ഐ. വി. ബാബുവും ഞാനും ഒരു പ്രായക്കാരാണ്. ഇരുവരും വിദ്യാർത്ഥിജീവിതകാലത്ത് ഒരു സംഘടനയിൽ പ്രവർത്തിച്ചിരുന്നവരാണ്. വിദ്യാർത്ഥിജീവിതം കടന്ന് മുതിർന്നപ്പോളാണ് ഞങ്ങൾ അടുത്ത പരിചയക്കാരായത്. അതിന് നിമിത്തമായതാകട്ടെ വിദ്യാർത്ഥിജീവിതകാലത്തെ ഞങ്ങളുടെ പ്രിയ നേതാവ് സ. സി. പി. ജോണും. ബാബു മലയാളം വാരികയിൽ ജോലിചെയ്യുന്ന കാലമായിരുന്നു അത്. ആ പരിചയം എന്നെ ദേശീയ-അന്തർദേശീയ രാഷ്ട്രീയങ്ങളെക്കുറിച്ചു നിരവധി ലേഖനങ്ങൾ എഴുതിച്ചു. മലയാളം വാരികയിൽനിന്നും ബാബു മംഗളം പത്രത്തിലേക്ക് മാറിയപ്പോൾ എന്റെ രാഷ്‌ട്രീയ ലേഖനങ്ങൾ മലയാളത്തിൽ നിന്നും മംഗളത്തിലേക്കു മാറി.… Continue reading ഡോ. ഐ. വി. ബാബു: ഒരു ഓർമ്മക്കുറിപ്പ്

ശലഭസമാധി (കവിത)

മഹാപർവതത്തിന്റെ ഇടത്തുനിന്ന് വലത്തോട്ടും വലത്തുനിന്ന് ഇടത്തോട്ടും കിഴക്കുനിന്ന് പടിഞ്ഞാട്ടും വടക്കുനിന്ന് തെക്കോട്ടും തലങ്ങും വിലങ്ങും ശലഭം പറന്നുനടന്നു. ഒടുവിൽ പർവതനദികളിലൊന്നിന്റെ കരയിൽ പരന്ന മണൽപ്പരപ്പിൽ പറന്നിറങ്ങി. മണൽപ്പരപ്പിനു പുറകിൽ കാനനം അതിനുമപ്പുറം മലകൾ മഞ്ഞണിമാമലകൾ... ഇനി എങ്ങോട്ടുമില്ല ഇവിടെത്തന്നെ സ്ഥിരവാസം. ആത്മഗതസംഗീതത്തിൽ ശലഭം നിദ്ര പൂകി. ഉണർന്നപ്പോൾ ഭാരമൊഴിഞ്ഞതുപോലെ... നോക്കെത്തും ദൂരത്ത് ഉറുമ്പുകളുടെ സംഘയാത്ര. ഒപ്പം ഇഴഞ്ഞുനീങ്ങുന്ന സ്വന്തം വർണ്ണച്ചിറകുകൾ... ഇനിയെന്ത്? ധ്യാനം... ശലഭങ്ങൾക്ക് ധ്യാനമില്ല സമാധി മാത്രം സമാധി.

കളവ് (കവിത)

വർഷങ്ങൾക്ക് മുമ്പാണ്...ഞാൻ ഒരു കളിപ്പാട്ടം കട്ടെടുത്തു.പെരുനാൾ ചന്തയിലെചിന്തിക്കടയിൽ നിന്നുംഅവന്റെ അച്ഛൻ വാങ്ങിയ വിലകുറഞ്ഞ ഒരു കളിപ്പാട്ടം. അവന് അത് പെരുത്തിഷ്ടമായിരുന്നു; എനിയ്ക്കോ അതുക്കും മേലെ. വെള്ളത്തിലിട്ടാൽ നീന്തുമെന്നു പറഞ്ഞപ്പോൾ ആ പ്ലാസ്റ്റിക്ക് താറാവിനെ അവൻ സന്തോഷത്തോടെ എനിയ്ക്കു തന്നു. താറാവിനു നീന്താൻ വെള്ളമെവിടെ എന്നവൻ തിരക്കിയപ്പോൾ ഞാൻ ആകാശഗംഗയെ നോക്കി. പ്ലാസ്റ്റിക്ക് താറാവിന് നീന്താൻ ആകാശഗംഗ. എങ്ങനെയുണ്ട്? കളവിനും വേണമല്ലോ ഒരു നിലവാരമൊക്കെ അല്ലേ...